കാളസര്‍പ്പയോഗം
കാളസര്‍പ്പയോഗം
"അഗ്രേ രാഹുധരോ കേതു:
സര്‍വ്വ മദ്ധ്യഗതാ: ഗ്രഹാ:
യോഗോയം കാളസര്‍പ്പാഖ്യം
ലോകേ ബഹു വിനാശ കൃത്"
രാഹുവും കേതുവും ഉള്‍ക്കൊള്ളുന്ന അര്‍ദ്ധവൃത്തത്തിനകത്ത് സപ്തഗ്രഹങ്ങള്‍ നിലകൊള്ളുമ്പോഴാണ് ഒരു ജാതകത്തില്‍ കാളസര്‍പ്പയോഗം വന്നു ഭവിക്കുന്നത്. അനിഷ്ട യോഗങ്ങളില്‍ ഒന്നാണ് കാളസര്‍പ്പയോഗം.
നമ്മുടെ ജീവിതത്തെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ജനന സമയത്ത് 12 രാശികളിലെവിടെയെങ്കിലും നില്‍ക്കുന്ന 9 ഗ്രഹങ്ങളും ഗുളികനും ലഗ്നവും ആണെന്നാണ് ജ്യോതിഷ മതം. രാഹുവും കേതുവും നവഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുവെങ്കിലും ഇവര്‍ യഥാര്‍ത്ഥത്തില്‍ നിഴല്‍ ഗ്രഹങ്ങളാണ്. തമോഗുണ പ്രധാനമായാവയും, രാശി ചക്രത്തിന്റെ യഥാര്‍ത്ഥ ഉടമകളായ ആദിത്യ ചന്ദ്രന്മാര്‍ രണ്ട് രാശികള്‍ വീതം കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങള്‍ക്ക് വീതിച്ചു നല്‍കി ശേഷിക്കുന്ന രണ്ട് രാശികളിലൊന്നു വീതം സൂര്യനും ചന്ദ്രനും കൈവശം വയ്ക്കുകയും ചെയ്തു. ആയതിനാല്‍ രാഹുവിനും കേതുവിനും മറ്റ് ഗ്രഹങ്ങള്‍ക്കുള്ളതുപോലെ രാശികളില്‍ ആധിപത്യം ഇല്ലാതായി. പക്ഷേ ആകര്‍ഷണ ശക്തി ഏറെയുള്ള രാഹുവും കേതുവും ജീവിതത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുവെന്നത് അനുഭവത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. മാത്രമല്ല ഈ യോഗം മറ്റ് ഗ്രഹങ്ങളുടെ ഫലങ്ങളെ കൂടി നിഷ്പ്രഭമാക്കി കൊണ്ട് ജീവിതത്തെ വളരെ സ്വാധീനിക്കുകയും ചെയ്യും.
എന്താണ് കാളസര്‍പ്പയോഗം
രാഹുകേതുക്കള്‍ സഞ്ചരിക്കുന്നത് പ്രതിലോമമായിട്ടാണ്. രാഹുവില്‍ നിന്ന് എപ്പോഴും കൃത്യം 180 ഡിഗ്രി അകലം പാലിച്ചാണ് കേതു സഞ്ചരിക്കുന്നത്. ഒരാളിന്റെ ജാതകത്തില്‍ രാഹുകേതുക്കള്‍ നില്‍ക്കുന്ന 180 ഡിഗ്രികളിലായി മറ്റ് എല്ലാ ഗ്രഹങ്ങളും ആദിത്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി - എവിടെയെങ്കിലും നിന്നാല്‍ "കാളസര്‍പ്പയോഗം " എന്ന ഒരു യോഗം ഭവിക്കുന്നു.
12 ഭാവങ്ങളും 12 യോഗങ്ങളും
കാളസര്‍പ്പയോഗം 12 വിധത്തില്‍ ഉണ്ട്. 12 ഭാവങ്ങളിലായി 12 വിധത്തില്‍ ഈ യോഗം ഉണ്ടാകുന്നു. ഇതിലോരോന്നിനും ഓരോ പേരുകള്‍ കല്‍പ്പിച്ചിരിക്കുന്നു. വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഓരോ യോഗവും നല്‍കുന്നത്.
1 അനന്ത കാളസര്‍പ്പയോഗം
ലഗ്നത്തില്‍ ( ഒന്നാം ഭാവത്തില്‍ ) രാഹുവും ഏഴാം ഭാവത്തില്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മാത്രം മറ്റു ഗ്രഹങ്ങള്‍ എവിടെയെങ്കിലും നില്‍ക്കുകയും ചെയ്താല്‍ ഉണ്ടാകുന്ന ഈ യോഗത്തിനെ അനന്ത കാളസര്‍പ്പയോഗം എന്ന് പറയുന്നു.
ജീവിതത്തില്‍ സര്‍വ്വത്ര പരാജയം, വിവാഹ തടസ്സം, താമസിച്ചു വിവാഹം നടക്കുക, ദാമ്പത്യ സുഖമില്ലായ്മ എന്നിവയാണ് ഫലങ്ങള്‍, ആത്മീയമായ അറിവ് നേടുവാനും ഉന്നതിയിലെത്തുവാനും ഈ യോഗം സഹായിക്കുന്നു.
2 ഗുളിക കാളസര്‍പ്പയോഗം
ലഗ്നാല്‍ രണ്ടാം ഭാവത്തില്‍ രാഹുവും 8 ല്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മാത്രം മറ്റ് ഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം ഭവിക്കുന്നു.
ആരോഗ്യഹാനി, ഗുഹ്യരോഗങ്ങള്‍, അപകടങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, സ്വത്തുക്കളുടെ നഷ്ടം ഇവയെല്ലാമാണ് ഈ യോഗ ഫലങ്ങള്‍.
3 വാസുകി കാളസര്‍പ്പയോഗം
മൂന്നാം ഭാവത്തില്‍ രാഹുവും 9 ല്‍ കേതുവും നില്‍ക്കുക, അതിനുള്ളിലായി എവിടെയെങ്കിലും മറ്റ് ഗ്രഹങ്ങള്‍ നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു..
ഔദ്യോഗിക രംഗത്ത് പരാജയം, സഹോദരനെ കൊണ്ട് ദു:ഖം, ഇവരെ കൊണ്ട് സഹോദരങ്ങള്‍ക്ക് പ്രയാസം, ഇവയൊക്കെയാണ് ഫലങ്ങള്‍. അപവാദം പ്രചരിപ്പിക്കുന്ന സ്വഭാവം ഇവര്‍ക്കുണ്ടായിരിക്കും.
4 ശംഖ പാല കാളസര്‍പ്പയോഗം
ലഗ്നാല്‍ 4 ല്‍ രാഹുവും 10 ല്‍ കേതുവും അതിനുള്ളിലായി മറ്റു ഗ്രഹങ്ങളും നില്‍ക്കുകയാണെങ്കില്‍ ഈ യോഗം ഉണ്ടാകുന്നു.
ഉത്കണ്ഠയും പ്രയാസങ്ങളും നിറഞ്ഞതായിരിക്കും ഇവരുടെ കര്‍മ്മരംഗം. കുടുംബ ദുരിതങ്ങളും ഉണ്ടാകും. സമ്മര്‍ദ്ദങ്ങളെയും ശത്രുക്കളെയും നേരിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി വളരെ ഉന്നതമായ നിലയില്‍ എത്തിചേരാന്‍ കഴിയുന്നത് ഈ യോഗ ജാതരുടെ അനുഭവമാണ്."
5 പത്മ കാളസര്‍പ്പയോഗം
ലഗ്നം നില്‍ക്കുന്ന രാശിയുടെ 5 ആം ഭാവത്തില്‍ രാഹു നില്‍ക്കുക, 11 - ല്‍ ശിഖി നില്‍ക്കുക, ഈ ഭാവങ്ങള്‍ക്കിടയിലായി മറ്റ് 7 ഗ്രഹങ്ങളും നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു.സന്താനങ്ങള്‍ ജനിക്കാതിരിക്കുകയോ അഥവാ സന്താനങ്ങള്‍ ഉണ്ടായാല്‍ അവരെകൊണ്ട് ദുഖം അനുഭവിക്കേണ്ടി വരികയോ ചെയ്യുക, ജീവിത നിയന്ത്രണം ഇല്ലാത്തവരാകുക, വിശ്വാസ വഞ്ചനയ്ക്ക് പാത്രമാവുക എന്നിവയൊക്കയാണ് ഈ യോഗ ജാതര്‍ അനുഭവിക്കേണ്ടി വരുന്ന ഫലങ്ങള്‍.
6 മഹാപത്മ കാളസര്‍പ്പയോഗം
രാഹു 6 ലും കേതു 12 ലും നില്‍ക്കുകയും അതിനുള്ളിലായി മറ്റു ഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം ഉണ്ടാകുന്നു.
ജീവിതത്തില്‍ മുഴുവനും ശത്രുക്കളെ കൊണ്ടും രോഗത്തെ കൊണ്ടും ബുദ്ധിമുട്ടേണ്ടി വരും. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ഉന്നതാധികാരസ്ഥാനത്ത് എത്തിചേരുകയെന്നതാണ് ഈ യോഗത്തിന്റെ അനുഭവഫലം.
7 തക്ഷക കാളസര്‍പ്പയോഗം
ലഗ്നത്തിന്റെ ഏഴാമത് ഭാവത്തില്‍ രാഹുവും ലഗ്നത്തില്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മറ്റ് ഗ്രഹങ്ങള്‍ എല്ലാം നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം ഉണ്ടാകുന്നു. മദ്യം, ചൂതു കളി, സ്ത്രീ എന്നീ വിഷയങ്ങള്‍ക്ക് അടിമയാകുകയെന്നതും ഈ കാരണത്താല്‍ ജാതകന്റെ ധനവും സ്വത്തുക്കളും നശിച്ചു പോകുകയും ചെയ്യുകയെന്നതാണ് ഈ യോഗം നല്‍കുന്ന ഫലം.
8 കാര്‍ക്കോടക കാളസര്‍പ്പയോഗം
ലഗ്നം നില്‍ക്കുന്ന രാശിയുടെ 8 ല്‍ രാഹുവും, 2 ല്‍ കേതുവും നില്‍ക്കുക, ഇതിനുള്ളിലായി സപ്ത ഗ്രഹങ്ങള്‍ നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു.
ധാരാളം ശത്രുക്കള്‍ ഉണ്ടാകുക, സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ളവരുമായി ചങ്ങാത്തം സ്ഥാപിക്കുക, പൂര്‍വ്വിക സ്വത്തുക്കള്‍ ലഭിക്കാതിരിക്കുക ഇവയൊക്കെയാണ് ഈ യോഗഫലങ്ങള്‍.
9 ശംഖ ചൂഡ കാളസര്‍പ്പയോഗം
ലഗ്നാല്‍ 9 ല്‍ രാഹുവും 3 ല്‍ ശിഖിയും നില്‍ക്കുക, ഈ ഭാവങ്ങള്‍ക്കുള്ളിലായി മറ്റ് ഗ്രഹങ്ങള്‍ നില്‍ക്കുക, എങ്കില്‍ ഈ യോഗം ഉണ്ടാകുന്നു.
കള്ളം പറയുന്ന സ്വഭാവം ഉണ്ടാകുക, ജീവിതത്തില്‍ കൂടെ കൂടെ ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടുക, പെട്ടെന്ന് വികാരാധീനനാകുക, ഇവയെല്ലാമാണ് ഈ യോഗഫലങ്ങള്‍.
10 ഘാതക കാളസര്‍പ്പയോഗം
രാഹു 10 ലും കേതു നാലിലും നില്‍ക്കുകയും ഇതിനുള്ളിലായി മറ്റു ഗ്രഹങ്ങളെല്ലാം നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം ഭവിക്കുന്നു.
കോടതി നടപടികള്‍ക്ക് വിധേയനാകുക, സര്‍ക്കാരില്‍ നിന്നും ശിക്ഷ അനുഭവിക്കേണ്ടിവരുക, എന്ന ദുരന്തനുഭവങ്ങളോടൊപ്പം രാഷ്ട്രീയ രംഗത്ത് വളരെ ഉയര്‍ന്ന അധികാര സ്ഥാനങ്ങളിലെത്തിചേരുവാനും കഴിയുന്നു. പ്രത്യേകിച്ച് ചിങ്ങം, കന്നി രാശികളിലേതെങ്കിലും ഒന്ന് ലഗ്നമായി ജനിക്കുന്നവര്‍ക്ക് ഈ യോഗ്മുണ്ടായാല്‍ രഷ്ട്രീയമായും ഭരണപരമായും വളരെ ഉയര്‍ന്ന പദവിയിലെത്തിച്ചെരുന്നതാണ്.
11വിഷധര കാളസര്‍പ്പയോഗം
ലഗ്നത്തിന്റെ 11 ആം ഭാവത്തില്‍ രാഹുവും 5 ഭാവത്തില്‍ കേതുവും അതിനിടയിലായി മറ്റു ഗ്രഹങ്ങളും നിന്നാല്‍ ഈ യോഗം ഭവിക്കുന്നു.
ജീവിതത്തില്‍ തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വരിക, ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കുവാന്‍ ഇടവരാതിരിക്കുക, സന്താനങ്ങളില്‍ നിന്നും പ്രയാസകരമായ അനുഭവങ്ങള്‍ ഉണ്ടാകുക എന്നിവയാണ് ഫലങ്ങള്‍. എന്നാല്‍ വാര്‍ദ്ധ്യകക്കാലം ഈ യോഗ ജാതര്‍ സമാധാനത്തോടും സ്വസ്ഥതയോടും കൂടി ജീവിക്കുന്നവരായിരിക്കും.
12 ശേഷ നാഗ കാളസര്‍പ്പയോഗം
ലഗ്നാല്‍ 12 മത് ഭാവത്തില്‍ രാഹുവും 6 -മത് ഭാവത്തില്‍ കേതുവും അതിനിടയിലായി മറ്റ് ഗ്രഹങ്ങളും നിന്നാലുണ്ടാകുന്ന ഒരു യോഗമാണിത്.
ആരോഗ്യത്തിന്‍ ഹാനിയുണ്ടാകുക, ശത്രുക്കളുണ്ടാകുക. വ്യവഹാര നടപടികള്‍ക്ക് വിധേയനാകുക എന്നിവയാണ് യോഗഫലങ്ങള്‍.
ഏതു തരമായാലും കാളസര്‍പ്പയോഗം ആയുസ്സിന്‍ ദോഷം ചെയ്യാറില്ല. മാനസികമായ സമ്മര്‍ദ്ദങ്ങള്‍, ആരോഗ്യഹാനി, മറ്റ് ദുരനുഭവങ്ങള്‍ ഇവയെല്ലാം ഉണ്ടാകുമെങ്കിലും അസാധാരണമായ ബുദ്ധിവൈഭവവും പ്രവര്‍ത്തന നിരതയും കൊണ്ട് ജീവിത ഉന്നതി നേടുന്നവരാണ് ജാതകത്തില്‍ കാളസര്‍പ്പയോഗമുള്ളവര്‍.
ദോഷ പരിഹാരങ്ങള്‍
കാളസര്‍പ്പയോഗം, കാല സര്‍പ്പയോഗം, കാളസര്‍പ്പദോഷം, കാല സര്‍പ്പദോഷം, രാഹു കേതു സര്‍പ്പദോഷം എന്നെല്ലാം അറിയപ്പെടുന്ന ഈ പ്രത്യേക ദോഷത്തിന്‍ / യോഗത്തിന്‍ ശിവ ഭജനം മാത്രമാണ് ശരിയായ പരിഹാരം.
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പുരാണ പ്രസിദ്ധവും ഐതിഹ്യ പ്രാധാന്യവുമുള്ള കാളഹസ്തീശ്വര ക്ഷേത്രത്തില്‍ ഈ ദോഷ പരിഹാരത്തിനായി പ്രത്യേക പൂജ ചെയ്യാവുന്നതാണ്. കൂടാതെ ഈ ദോഷമുള്ളവര്‍ ജനിച്ച നക്ഷത്രത്തിലോ തിഥിയിലോ ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുന്നത് ദോഷപരിഹാരമാണ്.
കാളസര്‍പ്പയോഗ ദോഷത്തിന്‍ പരിഹാരം ചെയ്യുകയും ശിവനെ നിത്യം ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് ജാതകത്തിലെ ഗുണഫലങ്ങള്‍ തടസ്സമില്ലാതെ അനുഭവയോഗ്യമാക്കുവാനും കഴിയും.
സര്‍പ്പ ദോഷവും കാളസര്‍പ്പദോഷവും രണ്ടും രണ്ടാണ്.
Article credits Mathrubhumi Astrology
for more
ഫോണ്‍ : 9895038079
Email: nithyanandtara@gmail.com